Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aravalli Hills

ആരവല്ലിയിലെ അനധികൃത ഖനനം: രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഉറപ്പ് രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആരവല്ലി മലനിരകളില്‍ അനധികൃത ഖനനം അനുവദിക്കില്ലെന്ന രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഉറപ്പ് രേഖപ്പെടുത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട കേസിൽ, പ്രദേശത്ത് ഒരു തരത്തിലുള്ള നിയമവിരുദ്ധ ഖനനവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതി രാജസ്ഥാന്‍ സര്‍ക്കാരിനോട് കര്‍ശനമായി നിര്‍ദ്ദേശിച്ചു.

ആരവല്ലി മേഖലയില്‍ അനധികൃത ഖനനം തടയാന്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് കോടതിയില്‍ ഉറപ്പ് നല്‍കി. ആരവല്ലി മലനിരകളുടെ കൃത്യമായ അതിരുകള്‍ നിര്‍ണ്ണയിക്കുന്നതിനും ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കുന്നതിനുമായി ഒരു ഉന്നതാധികാര വിദഗ്ധ സമിതിയെ രൂപീകരിക്കാനും കോടതി തീരുമാനിച്ചു.

ആരവല്ലി മലനിരകളെ നിര്‍വ്വചിച്ചുകൊണ്ട് 2025 നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവ് കോടതി താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. പുതിയ നിര്‍വചനം ഖനന മാഫിയകള്‍ക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗം മലനിരകളും സംരക്ഷണ പരിധിയില്‍ നിന്ന് പുറത്താകുമെന്നുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക കണക്കിലെടുത്താണ് മുന്‍ ഉത്തരവ് കോടതി മരവിപ്പിച്ചത്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ആരവല്ലി മേഖലയില്‍ പുതിയ ഖനന ലൈസന്‍സുകള്‍ നല്‍കുന്നതിനോ പഴയവ പുതുക്കുന്നതിനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഥാര്‍ മരുഭൂമിയുടെ വ്യാപനം തടയുന്ന പ്രകൃതിദത്തമായ മതില്‍ കൂടിയാണ് ആരവല്ലി മലനിരകളെന്നും അനധികൃത ഖനനം ഇല്ലാതാക്കി ഈ പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ആരവല്ലി മലനിരകളുടെ നാശം ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലെ വായു മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

Latest News

Up